സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഉച്ചയ്ക്ക് ശേഷം ഇന്തോനേഷ്യയില്‍ കര തൊടും

മലാക്ക കടലിടുക്കിനും ഇന്തോനേഷ്യയ്ക്കും മുകളിലായി സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. യുഎഇ ആണ് ചുഴലിക്കാറ്റിന് ഈ പേര് നൽകിയത് . അറബിയിൽ ‘സിംഹം’ എന്ന് അർത്ഥം വരുന്ന ‘സെന്യാർ’ എന്ന പേരാണ് യുഎഇ നിർദ്ദേശിച്ചത്. മലാക്ക കടലിടുക്കിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് വളരെ അപൂർവമാണ്. 2001-ൽ രൂപപ്പെട്ട ‘വാമേ’ (Vamei) ചുഴലിക്കാറ്റിന് ശേഷം ഈ മേഖലയിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് സെന്യാർ. ഉച്ചയ്ക്ക് ശേഷം ഇന്തോനേഷ്യയിൽ കര തൊടുന്ന ചുഴലിക്കാറ്റ്, പിന്നീട് കിഴക്ക് ദിശയിലേക്ക് നീങ്ങി ദുർബലമാകാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ സെന്യാര്‍ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ന്യൂനമർദം വൈകാതെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറും. അതിനാൽ, മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെയും ന്യൂനമർദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി ഈ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply