ആന്തൂർ നഗരസഭയിൽ ഇടതുമുന്നണിക്ക് അഞ്ച് സീറ്റുകളിൽ വിജയം ഉറപ്പിച്ചു. രണ്ട് വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക കൂടി തള്ളിയതോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. ഈ രണ്ട് വാർഡുകൾക്ക് പുറമെ ആന്തൂരിൽ നേരത്തെ രണ്ട് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു.
നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിർദ്ദേശകർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പത്രിക പുനഃസൂക്ഷ്മപരിശോധനയിൽ തള്ളിയത്. സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയി എന്ന് കോൺഗ്രസുകാർ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിവ്യ, വരണാധികാരിക്ക് മുമ്പാകെ ഹാജരായി പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെ ആന്തൂരിൽ ആകെ അഞ്ച് വാർഡുകളിൽ സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മാറ്റിവെച്ച അഞ്ച് നാമനിർദ്ദേശ പത്രികകളിൽ രണ്ടെണ്ണമാണ് തള്ളിയത്. അതേസമയം, തർക്കമുയർന്ന രണ്ട് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ട്. 2-ാം വാർഡായ മോറാഴയിൽ കെ. രജിതയും, 19-ാം വാർഡായ പൊടിക്കുണ്ടിൽ കെ. പ്രേമരാജനും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 20 വാർഡുകളുള്ള ആന്തൂർ നഗരസഭയിൽ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

