ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചതിന് പാർട്ടി നടപടി നേരിട്ട സി.പി.എം. നേതാവ് പി.ജെ. ജോൺസൺ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു. സി.പി.എം നേതൃത്വവുമായി ഏറെനാളായി ഇടഞ്ഞുനിന്ന ജോൺസൺ, പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ വെച്ച് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ജോൺസൺ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. ‘മന്ത്രിയായിട്ടല്ല, എം.എൽ.എ. ആയിപ്പോലും ഇരിക്കാൻ വീണാ ജോർജിന് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇതേത്തുടർന്നാണ് പാർട്ടി ജോൺസണെ സസ്‌പെൻഡ് ചെയ്തത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പി.ജെ. ജോൺസൺ പ്രതികരിച്ചു. ‘രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനും കോൺഗ്രസ് പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,’ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എം. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം, എസ്.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് പി.ജെ. ജോൺസൺ. കൂടാതെ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

