പൊലീസ് നടപടിക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്: പൊലീസിനെ ആക്രമിച്ചെന്ന് എഫ്‌ഐആർ

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. എംപിക്കും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ 692 പേർക്കുമെതിരെയാണ് കേസ്. പോലീസിനെ ആക്രമിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് നടപടിക്കിടെ മൂക്കിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെയാണ് എംപിക്കെതിരെ കേസെടുത്ത വിവരം പുറത്തുവരുന്നത്.

ഈ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. വൈകുന്നേരം മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കെസി വേണുഗോപാൽ എംപി ഇത് ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ തുടർന്നു. പോലീസ് ഏറെ ബുദ്ധിമുട്ടിയാണ് പ്രതിഷേധക്കാരെ പലയിടത്തും നീക്കിയത്. വിവിധ ജില്ലകളിൽ കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ സംഘർഷങ്ങളുണ്ടായി. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ ഏറെ സമയത്തിന് ശേഷം പിന്തിരിപ്പിക്കാൻ പോലീസിന് സാധിച്ചു.

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സെക്രട്ടേറിയറ്റ് മാർച്ചിൽ വലിയ സംഘർഷമുണ്ടാവുകയും തുടർന്ന് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. കൊല്ലത്തും രാത്രി ഏറെ വൈകി പ്രവർത്തകർ പ്രകടനങ്ങളും ഉപരോധങ്ങളും നടത്തി. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ആലപ്പുഴയിൽ രാത്രി പത്തോളം പ്രവർത്തകർ പ്രതിഷേധവുമായി ദേശീയപാതയിലെത്തി. കളർകോട് ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ചത് വാക്കേറ്റത്തിന് കാരണമായി. ആലപ്പുഴ ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുത്തി. ഒരു മണിക്കൂറോളം നീണ്ട സമരത്തിനൊടുവിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

എറണാകുളം നഗരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധിച്ചു. തൊടുപുഴയിലും പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. തൃശ്ശൂരിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply