പങ്കാളിയെ മൊബൈൽ ചാർജർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തെത്തുടർന്ന്, യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായ ഗോപു പരമശിവനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കി ഗോപുവിനെതിരെ മരട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ശരീരം മുഴുവൻ മർദ്ദനത്തിന്റെ പാടുകളുമായാണ് യുവതി മരട് സ്റ്റേഷനിലെത്തി ഗോപുവിനെതിരെ പരാതി നൽകിയത്. ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
ഗോപുവും പെൺകുട്ടിയും കഴിഞ്ഞ അഞ്ച് വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഗോപു തന്നെയാണ് കഴിഞ്ഞ ദിവസം മരട് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പെൺകുട്ടിയെ കണ്ടെത്തിയ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ യുവതി, താൻ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പോലീസിനോട് വെളിപ്പെടുത്തി.
ക്രൂരമായ മർദ്ദനമാണ് താൻ നേരിട്ടതെന്നും, ബെൽറ്റ്, ചാർജർ കേബിൾ, ഷൂസ്, ചട്ടുകം തുടങ്ങിയവ ഉപയോഗിച്ച് മർദ്ദിക്കുന്നത് പതിവായിരുന്നു എന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “ഒരു ഹെൽമെറ്റ് താഴെവെച്ചുവെന്ന നിസ്സാര കാരണത്തിനാണ് കഴിഞ്ഞ ദിവസം എന്നെ ആക്രമിച്ചത്. തല്ലിയ ശേഷം ഗോപു അതിന്റെ ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കുകയും, തന്നെ ഉപദ്രവിക്കുന്നത് അയാൾക്ക് ഒരു ഹരമാണെന്ന് പറയുകയും ചെയ്യുമായിരുന്നു,” എന്നും യുവതി വെളിപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

