ലയണൽ മെസിയുടെ ‘ഗോട്ട് ഇന്ത്യ’ പര്യടനത്തിനിടെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായിക മന്ത്രി രാജിക്കത്ത് നൽകിയത്. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി താൻ സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. മമതയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിലെ ശക്തനായ നേതാവുമാണ് രാജി വെച്ചത്.
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വിഷയത്തിൽ കൂടുതൽ ‘റിസ്ക്’ എടുക്കാൻ മമത ബാനർജി തയ്യാറല്ലെന്നാണ് വിശ്വസ്തൻ്റെ രാജിയിലൂടെ വ്യക്തമാകുന്നത്. മെസിയുടെ ചടങ്ങ് അലങ്കോലമായ സംഭവം പ്രതിപക്ഷം പ്രധാന വിഷയമാക്കിയിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി മമത ബാനർജി ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സ്റ്റേഡിയത്തിലെത്തിയ മെസിയെയും സഹതാരങ്ങളെയും വ്യക്തമായി കാണാൻ കഴിയാത്തതിൽ പ്രകോപിതരായ ആരാധകർ അക്രമാസക്തരാവുകയായിരുന്നു. ഇതോടെ നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ മെസി മടങ്ങി. സംഭവത്തിൽ പോലീസുകാർക്ക് ഉൾപ്പെടെ ചെറിയ പരിക്കേറ്റിരുന്നു. എന്നാൽ, മെസി തുടർന്ന് എത്തിയ ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികൾ ഒരു തടസ്സവുമില്ലാതെ നടന്നു.
ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് മെസിയും സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. പരിപാടിയുടെ ടിക്കറ്റ് നിരക്ക് 4,000 രൂപ മുതൽ 15,000 രൂപ വരെയായിരുന്നു. കരിഞ്ചന്തയിൽ 20,000 രൂപ വരെ നൽകി ടിക്കറ്റ് വാങ്ങിയവരുമുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം അമ്പതിനായിരത്തോളം ആളുകളാണ് മെസിയെ കാണാനെത്തിയിരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

