എത്യോപ്യൻ അഗ്നിപർവത സ്ഫോടനം: ചാരമേഘങ്ങൾ ചൈനയിലേക്ക്

എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതത്തിലുണ്ടായ സ്ഫോടനത്തെ തുടർന്നുണ്ടായ കട്ടിയേറിയ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നീങ്ങുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് എത്യോപ്യയിലെ അഫാർ മേഖലയിൽ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ഏകദേശം 14 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ഈ കൂറ്റൻ ചാരമേഘം ശക്തമായ കാറ്റിന്റെ സഹായത്തോടെ ചെങ്കടലിന് കുറുകെ കിഴക്കോട്ടും തുടർന്ന് അറേബ്യൻ ഉപദ്വീപിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഇത് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തി.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൊഹാപാത്രയുടെ അഭിപ്രായത്തിൽ, ഈ ചാരമേഘങ്ങൾ ഇന്ന് വൈകുന്നേരം 7.30 ഓടെ ചൈനയിലേക്ക് നീങ്ങാനാണ് സാധ്യത. യെമൻ, ഒമാൻ, അറേബ്യൻ കടലിന് മുകളിലൂടെയാണ് ചാരമേഘം വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലേക്ക് എത്തിച്ചേർന്നത്.

നേരത്തെ, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ചാരമേഘം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ചാരമേഘം ഇന്ത്യയിലെ വിമാന സർവീസുകളെ ബാധിച്ച സാഹചര്യത്തിൽ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply