പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്‌ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് മുൻകൂട്ടി ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആപ്പിൾ. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും സർക്കാർ ആപ്പ് നിർബന്ധമാക്കുന്നത് പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ആപ്പിളിന്റെ ഈ നീക്കം.
ഇത്തരം ഉത്തരവുകൾ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിന്റെ (iOS) സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യത മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നാണ് ആപ്പിളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ലോകത്ത് ഒരിടത്തും ഇത്തരം സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൾ സാധാരണയായി അനുവദിക്കാറില്ല.
അതേസമയം, വ്യാപകമായ എതിർപ്പിനെ തുടർന്ന് ‘സഞ്ചാർ സാഥി’ ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളിൽ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തി. ആപ്പ് വേണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാമെന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ ഫോണുകളിലും നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് മൊബൈൽ നിർമ്മാണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും, ഈ ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

