രാഹുലിനെതിരെയുളള പരാതികൾ അന്വേഷിക്കാൻ ഹൈക്കമാൻഡ് നിർദേശം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരെയുളള പരാതികൾ അന്വേഷിക്കാൻ ഹൈക്കമാൻഡ് നിർദേശം. രാഹുൽ മാങ്കൂട്ടത്തിനെതിരെ എഐസിസിക്ക് നൽകിയ പരാതികൾ കെപിസിസിക്ക് കൈമാറി. പരാതികൾ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കെപിസിസി നേതൃത്വത്തിനോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നിർദേശിച്ചതായാണ് വിവരം. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റുന്നത് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ നിരവധി ആരോപണങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ ഒട്ടനവധി പരാതികൾ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ ആരോപണങ്ങളും പുറത്തുവരുന്ന പശ്ചാത്തലത്തിൽ ഒട്ടും അലംഭാവം കാട്ടാതെ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനാണ് കെപിസിസിക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിരിക്കുന്നത്.

നിലവിൽ രാഹുൽ മാങ്കൂട്ടം ഇരട്ടപ്പദവിയാണ് വഹിക്കുന്നത്. എംഎൽഎ പദവിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. എംഎൽഎ ആയതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തിൽ നേരത്തെ ചർച്ചകൾ നടന്നിരുന്നുവെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തെ മാറ്റി മുഖം രക്ഷിക്കാനുള്ള ആലോചനകളിലേക്ക് നേതൃത്വം കടന്നതായാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതൽ പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കൾ കടന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് അടക്കമുള്ള ഘടകങ്ങൾ കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തെ മാറ്റണമെന്ന തരത്തിൽ നേതാക്കളുടെ ഇടയിൽ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിനെതിരെ സംഘടനാതലത്തിൽ നിന്ന് തന്നെയാണ് പരാതികൾ നേതൃത്വത്തിന് ലഭിച്ചത്. ഇതിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള സ്്ത്രീകളുടെ ആരോപണങ്ങൾ ഉൾപ്പെടെ പരാതികളായി നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം. കൂടാതെ ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള ആരോപണങ്ങളും രാഹുൽ മാങ്കൂട്ടത്തിനെതിരെ നേതൃത്വത്തിന് പരാതിയായി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply