നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധന 22.3 കോടി രൂപയുടെ വായ്പാ ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറിയിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്‌സി) നിന്ന് വ്യാജ വായ്പാ അനുമതികളുടെ പേരിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് 2015-ലെ ഈ ഇടപാട് ഇ ഡി അന്വേഷിക്കുന്നത്. വായ്പയെടുത്ത തുക പി വി അൻവർ വകമാറ്റിയതായി സംശയിക്കുന്നതായും ഇ ഡി നിലപാടെടുത്തു.
വെള്ളിയാഴ്ചയാണ് അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയത്. പി വി അൻവറിന്റെ വസതിക്ക് പുറമെ, മെസ്സേഴ്‌സ് മലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മെസ്സേഴ്‌സ് പിവി ആർ ഡെവലപ്പേഴ്‌സ്, മെസ്സേഴ്‌സ് ബിസ് മഞ്ചേരി എൽഎൽപി, മെസ്സേഴ്‌സ് കേരള ഫിനാൻസ് കോർപ്പറേഷൻ (മലപ്പുറം ബ്രാഞ്ച്) എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയതായി ഇ ഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വായ്പയെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. 2016-ൽ 14.38 കോടി രൂപയായിരുന്ന അൻവറിന്റെ സ്വത്ത്, അഞ്ച് വർഷം കൊണ്ട് 2021-ൽ 64.14 കോടിയായി വർധിച്ചതുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നൽകാൻ അൻവറിന് സാധിച്ചിട്ടില്ലെന്നും ഇ ഡി പറയുന്നു. അൻവറിന്റെ ബിനാമി സ്വത്തിടപാടുകളും ഇ ഡി പരിശോധിക്കുന്നുണ്ട്.
മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ താനാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ അൻവർ സമ്മതിച്ചതായും ഇ ഡി അറിയിച്ചു. നിലവിൽ അൻവറിന്റെ ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റെയും പേരിലാണ് ഈ സ്ഥാപനമുള്ളതെന്നും ഇ ഡി കൂട്ടിച്ചേർത്തു. റെയ്‌ഡിനിടെ, വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, സ്വത്ത് പേപ്പറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കുറ്റകരമായ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ ഡി പത്രക്കുറിപ്പിൽ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

