അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റനെന്ന് വോൾ സ്ട്രീറ്റ് ജേണൽ

അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റിനെ സംശയത്തിന്റെ നിഴലിൽ നിർത്തി അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നുമാണ് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തത്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ലഭ്യമായ തെളിവുകൾ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോർട്ട്.

ബ്ലാക്ക് ബോക്സ് റെക്കോഡിങ് സൂചനകൾ പ്രകാരം, ക്യാപ്റ്റൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാൾ സ്ട്രീറ്റ് ജേണൽ സൂചിപ്പിക്കുന്നു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സബർവാളിനോടാണ് എന്തിനാണ് ഫ്യുവൽസ്വിച്ചുകൾ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്.

അപകടത്തിൽപ്പെട്ട വിമാനത്തിൽ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. 56 കാരനായ ക്യാപ്റ്റൻ സുമീത് സബർവാൾ 15,638 മണിക്കൂർ വിമാനം പറത്തി പരിചയസമ്പന്നനായ പൈലറ്റാണ്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ 32കാരൻ ക്ലൈവ് കുന്ദർ 3403 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളയാളുമാണ്. എയർഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് കോക്പിറ്റിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിക്കുന്നതും, താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഇത് ആര് ആരോടാണ് ചോദിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ക്യാപ്റ്റൻ സുമീത് സബർവാളിനോട് വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ ചോദിച്ചതാണെന്നാണ് വാൾസ്ട്രീറ്റ് ജേണൽ പറയുന്നത്. അപകടത്തിൽപ്പെട്ട ബോയിങ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളോട് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി) തുടങ്ങിയവ പ്രതികരിച്ചിട്ടില്ല. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കാൻ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളെ പൈലറ്റുമാരുടെ സംഘടന തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന, അപകടത്തിൽ പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. അതിനിടെ, ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply