കർണാടക മന്ത്രിമാരെയും എം.എൽ.എമാരെയും ഹണിട്രാപ്പ് റാക്കറ്റുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിവാദത്തിൽ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വലിയ വിവാദമായി മാറിയ വിഷയത്തിൽ നിന്ന് സ്വയം അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുറഞ്ഞത് 48 എം.എൽ.എമാരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്നും ഈ ശൃംഖല രാജ്യമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്നും നിരവധി കേന്ദ്രമന്ത്രിമാർ ഇതിൽ കുടുങ്ങിയിട്ടുണ്ടെന്നും വ്യാഴാഴ്ചത്തെ നിയമസഭാ സമ്മേളനത്തിനിടെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണ അവകാശപ്പെട്ടതതോടെയാണ് വിവാദം കത്തി കയറിയത്.
കോൺഗ്രസ് കർണാടക യൂണിറ്റ് മേധാവി എന്ന നിലയിൽ രാജണ്ണയുമായി സംസാരിച്ച് പരാതി നൽകാൻ ആവശ്യപ്പെട്ടതായി ശിവകുമാർ പറഞ്ഞു. അദ്ദേഹം തന്നോട് എന്താണ് പറഞ്ഞതെന്ന് തനിക്ക് വിശദീകരിക്കാൻ കഴിയില്ലെന്നും താൻ അദ്ദേഹത്തോട് പരാതി നൽകാൻ ആവശ്യപ്പെട്ടുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സജീവമായ ഹണിട്രാപ്പ് റാക്കറ്റിനെക്കുറിച്ച് പാർട്ടി ഹൈക്കമാൻഡിനെ അറിയിക്കാൻ രാജണ്ണയും പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും ഡൽഹി സന്ദർശിക്കാൻ പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, രാജണ്ണയുടെ മകൻ രാജേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.
കൂടിക്കാഴ്ചക്കു പിന്നിലെ കാരണമെന്താണെന്ന് മാധ്യമപ്രവർത്തകർ ശിവകുമാറിനോട് ചോദിച്ചപ്പോൾ, ആർക്കും ആരെയും കാണാൻ കഴിയും. നിരവധി എം.പിമാരും എം.എൽ.എമാരും മറ്റ് ആളുകളും മുഖ്യമന്ത്രിയെയും തന്നെയും കാണുന്നുവെന്നും ഹണിട്രാപ്പ് വിഷയത്തിൽ താൻ മറുപടി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് തന്നോട് ചോദിക്കരുത്. ആ വിഷയവുമായി ബന്ധപ്പെട്ട ഒന്നിനും താൻ മറുപടി നൽകില്ലെന്നും ശിവകുമാർ പറഞ്ഞു. പാർട്ടി ഹൈക്കമാൻഡുമായി ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോകുകയാണോ എന്ന ചോദ്യത്തിന്, അത്തരം തെറ്റായ വാർത്തകളെക്കുറിച്ച് ആരെയും കാണേണ്ടതില്ലെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ഹണിട്രാപ്പ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നത് കോൺഗ്രസിനും സർക്കാറിനും നാണക്കേടാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് ഇതിനെക്കുറിച്ച് ചോദിക്കൂ എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

