തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്നു രാവിലെ 10.30ന് മുണ്ടൂർ കർമല മാതാ പള്ളിയിൽ നടക്കും.പിതാവിന്റെ സംസ്‌കാരച്ചടങ്ങുകൾക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയിൽ നിന്നു മുണ്ടൂരിലെത്തിക്കും. തുടർന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ഷൈന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും.
ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാർമലും സൺ ആശുപത്രിയിലാണുള്ളത്. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലൻഡിൽ നിന്നെത്തിയിട്ടുണ്ട്. മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി രാവിലെ ആറോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ധർമപുരിക്കു സമീപം നല്ലംപള്ളിയിൽ അപകടത്തിൽപെട്ടത്. ഷൈനിനൊപ്പം പിതാവ് ചാക്കോ(73), അമ്മ മരിയ(68), സഹോദരൻ ജോ ജോൺ (39), ഡ്രൈവർ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവിനെ ധർമപുരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെട്ടെന്നു ട്രാക്ക് മാറിയെത്തിയ ലോറിയുടെ പിന്നിൽ കാറിടിക്കുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

