ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി. ഐറിന വിഴിഞ്ഞം തുറമുഖം ബർത്തിൽ നങ്കുരമിട്ടു. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഏറ്റവും വലിയ ചരക്കുകപ്പലാണ് ഐറിന. 16,000 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. 3,000-5000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന. സിങ്കപ്പൂരിൽ നിന്നെത്തിയ കപ്പലിന് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരണമൊരുക്കിയത്.
ടഗ് ബോട്ടുകളുടെ നിയന്ത്രണത്തിലാണ് കപ്പലിനെ ബർത്തിലേക്ക് അടുപ്പിച്ചത്. മറ്റ് ദക്ഷിണേഷ്യൻ തുറമുഖങ്ങളിലൊന്നും ഈ കപ്പൽ ഇതുവരെ നങ്കൂരമിട്ടിട്ടില്ല എന്നതും വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്നു. ഇങ്ങനെയൊരു അവസരം കിട്ടിയതിൽ അഭിമാനിക്കുന്നതായും ആദ്യമായാണ് വിഴിഞ്ഞത്ത് എത്തുന്നതെന്നും കപ്പലിനെ നിയന്ത്രിക്കുന്ന മലയാളി ക്യാപ്റ്റൻ വില്ലി ആന്റണി പ്രതികരിച്ചു. കപ്പൽ രണ്ടുദിവസം ഇവിടെ തുടരുമെന്നാണ് നിലവിലുള്ള വിവരം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ വമ്പൻ ചരക്കുകപ്പലിന്റെ കപ്പിത്താനായും ആ കപ്പലിനെ ഇവിടെ അടുപ്പിക്കാനും അവസരം ലഭിച്ചത് മലയാളി എന്നനിലയിൽ അഭിമാനത്തിനുപുറമേ ഭാഗ്യംകൂടിയായി താൻ കാണുന്നതായി ക്യാപ്റ്റൻ വില്ലി ആന്റണി പറഞ്ഞു. തൃശ്ശൂർ പുറനാട്ടുക്കര പാലോക്കാരൻ വീട്ടിലെ പരേതനായ ആന്റണിയുടെയും ലില്ലിയുടെയും മകനാണ് വില്ലി ആന്റണി. 29 കൊല്ലമായി കപ്പലിൽ ജോലികിട്ടിയിട്ട്. എംഎസ്സിയുടെ കപ്പൽ കമ്പനിയിൽ കപ്പലിന്റെ അമരക്കാരനായിട്ട് 14 വർഷമായെന്ന് അദ്ദേഹം പറഞ്ഞു. താനുൾപ്പെടെ 35 പേരാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്തിന്റെ സൗന്ദര്യം തൃശ്ശൂർക്കാരനായ എന്നെയും സ്വാധീനിച്ചുവെന്ന് വില്ലി ആന്റണി പറഞ്ഞു.