പ്രധാന നേട്ടമായി ദേശീയപാത വികസനം: സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രോഗ്രസ് കാർഡ് പ്രകാശനം നടത്തിയത്.

ദേശീയപാത വികസനമാണ് റിപ്പോർട്ടിൽ പ്രധാന നേട്ടമായി പറഞ്ഞിട്ടുള്ളത്. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയെ യാഥാർഥ്യമാക്കിയതിൽ ഇടതുസർക്കാരിന്റെ പങ്ക് പ്രധാനമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 900 പ്രകടന വാഗ്ദാനങ്ങളിലെ പുരോഗതിയാണ് റിപ്പോർട്ടിൽ വിലയിരുത്തിയിരിക്കുന്നത്.

കേരളം കടക്കെണിയിലാണെന്ന തരത്തിൽ തെറ്റായ പ്രചാരണം നടക്കുകയാണെന്നും ഇതിൽ വസ്തുതയുടെ കണിക പോലുമില്ലെന്നും സർക്കാർ വാർഷികത്തിന്റെ തിരുവനന്തപുരം ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് കടവും ആഭ്യന്തര വരുമാനവും തമ്മിലെ അനുപാതം മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കുറവാണ്. എന്നാൽ, മറിച്ചാണ് പ്രചാരണം. അനുപാതം ഇനിയും കുറയും. ചിട്ടയായ ധനകാര്യ മാനേജ്മെന്റ് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിലാണ്. 200 കോടി ചെലവിട്ട് മൂന്ന് സയൻസ് പാർക്കുകൾ കുടി കേരളത്തിൽ വരും. കൂടാതെ നിക്ഷേപവും സംരംഭങ്ങളും വർധിക്കുകയാണ്. രണ്ടോ മൂന്നോ സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയുണ്ടെങ്കിൽ അതാണ് പ്രചരിപ്പിക്കുന്നത്. നിസാനും എയർബസും കേരളത്തിലേക്കു വരുന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങളുടെ പങ്കാളിത്തം സർക്കാർ പ്രവർത്തനങ്ങൾക്ക് പിന്തുണയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply