കോഴിക്കോട് പയ്യോളിയിൽ വീട്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട പിതാവിന്റെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് മകൻ നൽകിയ പരാതിയെ തുടർന്ന് ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.
തുറയൂർ അട്ടക്കുണ്ട് ഈളു വയലിൽ മുഹമ്മദിന്റെ (58) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്.കഴിഞ്ഞ മേയ് 26നാണ് മുഹമ്മദിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മകൻ പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദാണ് പൊലീസിനു പരാതി നൽകിയത്.
ഖബറിനു തൊട്ടടുത്തായി ഒരുക്കിയ താൽക്കാലിക മുറിയിൽ വച്ചായിരുന്നു പോസ്റ്റ്മോർട്ടം. വടകര ആർഡിഒ പി.അൻവർ സാദത്ത്, കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിദഗ്ധൻ ഡോ.പി.എസ്. സഞ്ജയ്, കൊയിലാണ്ടി തഹസിൽദാർ സി. സുബൈർ, പയ്യോളി പൊലീസ് എസ്എച്ച്ഒ എ.കെ.സജീഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.