ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ചാരനടക്കം രണ്ടുപേർ അറസ്റ്റിലായി. നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി, റാഞ്ചി സ്വദേശി അഖ്ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന അന്വേഷണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവർക്കെതിരായ കുറ്റപത്രം ഡൽഹിയിലെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.ജനുവരിയിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകൾ, ചിത്രങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാൾ സ്വദേശി ഇന്ത്യയിലത്തിയിട്ടുള്ളതായാണ് ലഭിച്ച രഹസ്യവിവരം. ഇതനുസരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് രണ്ടുപേർ അറസ്റ്റിലായത്.ഡൽഹിയിലെ സൈനിക ക്യാമ്പുകൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാകിസ്താനിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അൻസാരിയെന്ന നേപ്പാൾ സ്വദേശി അറസ്റ്റിലായത്. അൻസാരിക്ക് ഡൽഹിയിൽ സഹായങ്ങൾ ചെയ്തുനൽകിയത് റാഞ്ചിസ്വദേശിയാണെന്നും കണ്ടെത്തി. തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ, ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഓഫീസുമായി ബന്ധപ്പെട്ടും ചില വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹൈക്കമീഷൻ ഉദ്യോഗസ്ഥരായ മുസമ്മിൽ, ഡാനിഷ് എന്നിവർക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വിവരം. പിടിയിലായ ഐഎസ്ഐ ഏജന്റുമാർക്ക് ചില ഇന്ത്യൻ യുട്യൂബർമാരുമായും ബന്ധമുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ ഡാനിഷിന് പിടിയിലായ ഇന്ത്യൻ യുട്യൂബർ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

