പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിൽ നാല് തവണ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ജ്യോതി ഇതിന്റെ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.കേരളത്തിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ സഞ്ചരിക്കുന്നതിന്റെയും കൊച്ചി മെട്രോയിൽ സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ജ്യോതി പങ്കുവെച്ചിട്ടുണ്ട്. മൂന്നാർ, ആലപ്പുഴ, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളും കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ജ്യോതി എത്തിയിരുന്നു. കേരളത്തെപ്പറ്റി ജ്യോതി ആദ്യം വീഡിയോ ചെയ്തത് 2023ലാണ്.ജ്യോതിയുടെ കേരള സന്ദർശനത്തെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
2023 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് എത്തി മടങ്ങിയ ജ്യോതി, പിറ്റേമാസം വീണ്ടും തലസ്ഥാനത്തെത്തി. കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാനായിരുന്നു അന്ന് എത്തിയതെന്നാണ് റിപ്പോർട്ട്. നേത്രാവതി എക്‌സ്പ്രസിൽ മുംബൈയിൽനിന്നു കാസർകോടേക്കും ഇവിടെ നിന്ന് വന്ദേ ഭാരതിൽ തിരുവനന്തപുരത്തും എത്തിയ ജ്യോതി നേത്രാവതിയിൽ തന്നെ മടങ്ങിപ്പോവുകയും ചെയ്തു.
ജനുവരിയിൽ ഡൽഹിയിൽ നിന്ന് ബെംഗളൂരു വഴി കണ്ണൂർ വിമാനത്താവളത്തിലെത്തിയ ജ്യോതി ജനുവരി 25ന് തിരുവനന്തപുരത്തുനിന്നു രാജധാനി എക്‌സ്പ്രസിലാണ് മടങ്ങിയത്. മട്ടാഞ്ചേരിയിലെ ഹോട്ടലിലാണ് ജ്യോതി തങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ജ്യോതിയുടെ യാത്ര സംബന്ധിച്ച് ഹരിയാന പോലീസ് കൊച്ചി പോലീസിനെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് പ്രാഥമികാന്വേഷണം നടത്തി.
യുട്യൂബിൽ 3.87 ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ജോതി മൽഹോത്ര പേരാണ്. ‘ട്രാവൽ വിത്ത് ജെഒ’ എന്ന യുട്യൂബ് ചാനൽ നടത്തിയിരുന്ന ഇവർ ഹിസാർ സ്വദേശിയാണ്. 33കാരിയെ മെയ് 16നാണ് അറസ്റ്റുചെയ്തത്. 2023 മുതൽ ഇവർ പാകിസ്താന് വിവരങ്ങൾ ചോർത്തിനൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളെയും യാത്രാവിശദാംശങ്ങളെയും കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റലിജൻസ് സംഘം എന്നിവർ ചോദ്യം ചെയ്തുതുടങ്ങി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

