ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെ സഞ്ചരിച്ച കപ്പൽ തടഞ്ഞ് ഇസ്രയേൽ. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി ജൂൺ ഒന്നിന് പുറപ്പെട്ട മദ്ലീൻ എന്ന കപ്പലാണ് ഇസ്രയേൽ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ ഉൾപ്പെടെ 12 സന്നദ്ധപ്രവർത്തകരെ കപ്പലിൽ തടഞ്ഞുവച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഗാസയിലെ ഇസ്രായേലി ഉപരോധത്തിന് എതിരെ പ്രവർത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകർ ഗാസയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ സഞ്ചരിച്ച കപ്പൽ അന്താരാഷ്ട്ര ജലപാതയിൽ വച്ച് ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഗ്രെറ്റ തുൻബർഗിന് പുറമെ റിമ ഹസ്സൻ, യാസെമിൻ അകാർ(ജർമനി), ബാപ്റ്റിസ്റ്റെ ആൻഡ്രെ (ഫ്രാൻസ്), തിയാഗോ അവില (ബ്രസീൽ), ഒമർ ഫൈയാദ് (ഫ്രാൻസ്), പാസ്‌കൽ മൗറീറാസ് (ഫ്രാൻസ്), യാനിസ് (ഫ്രാൻസ്), സുയൈബ് ഒർദു (തുർക്കി), സെർജിയോ ടൊറിബിയോ (സ്പെയിൻ), മാർക്കോ വാൻ റെന്നിസ് (നെതർലൻഡ്), റെവ വിയാഡ് (ഫ്രാൻസ്). ഇവർക്കൊപ്പം ഗെയിം ഓഫ് ത്രോൺസ് താരവും അയർലൻഡുകാരനുമായ ലിയാം കണ്ണിങ്ഹാം എന്നിവരാണ് പട്ടികയിലുള്ളത്.
കപ്പൽ ഗാസയിൽ എത്താതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇസ്രയേൽ നേരത്തെ തന്നെ നടപടികൾ എടുത്തിരുന്നു. പലസ്തീൻ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാൻ ഇസ്രയേൽ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. കപ്പൽ തടയാൻ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് ഡിഫൻസ് ഫോഴ്സിന് നിർദേശം നൽകുകയായിരുന്നു. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവർത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

