ക്ഷേമ പെൻഷൻ ഇത്തവണ 3600 രൂപ വീതം; ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം

സർക്കാർ ജീവനക്കാർക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതൽ ലഭിക്കും. ഡിഎ, ഡിആർ എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒക്ടോബർ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നൽകുമെന്നും ധനവകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനങ്ങളാണ് ഉത്തരവായി പുറത്തിറക്കിയത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത ഇതോടെ 22 ശതമാനമായി. പെൻഷൻ കാരുടെ ഡി ആറിലും സമാനമായ വർധന ഉണ്ടാകും.

ക്ഷേമ പെഷനുകളുടെ പുതുക്കിയ നിരക്കുകളും നവംബർമാസത്തിൽ വിതരണം ചെയ്യും. ക്ഷേമ പെൻഷനുകൾ രണ്ടായിരം രൂപയാക്കി വർധിപ്പിച്ചതിന് പിന്നാലെയാണ് ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ വിതരണം ചെയ്യുന്നത്. ഇതോടെ ഈ മാസം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേർത്താണ് 3600 രൂപ നൽകുന്നത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു തീർക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെൻഷൻ തുകയെത്തുക. 2000 രൂപയാക്കി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply