കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് അപകടം. 14ാം വാർഡ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് തകർന്ന് വീണത്. ഒരു കുട്ടിയെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ കുട്ടിയടക്കം രണ്ട് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇരു നിലകെട്ടിടത്തിന്റെ ഭിത്തിയാണ് തകർന്നത്. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ശുചിമുറിയടക്കമാണ് തകർന്നുവീണത്. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള രോഗികളെയടക്കം മാറ്റാനുള്ള നടപടികൾ നടന്നുവരികയാണ്.