കൊറോണ തന്ന ഞെട്ടലിൽ നിന്ന് ഇപ്പോഴും ലോകം മുക്തരായിട്ടില്ല. ഇതിനിടെ ഒരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് സർക്കാരിന്റെ മുൻ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന സർ പാട്രിക്ക് വാലൻസ്. സർക്കാരുകൾ തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വാലൻസ് നിർദേശിച്ചു. ഹായ് ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് വാലൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ജി7 ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് നൽകിയ നിർദേശങ്ങൾ വാലൻസ് ആവർത്തിച്ചു. ‘നമ്മൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. പരിശോധനകൾ ദ്രുതഗതിയിലാക്കണം. വാക്‌സിൻ, ചികിത്സ എന്നിവയ്ക്കെല്ലാം അടിയന്തര പ്രാധാന്യം നൽകണം. ഇത്തരം കാര്യങ്ങൾക്ക് മുൻഗണന നൽകുകയാണെങ്കിൽ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകും,’ വാലൻസ് വ്യക്തമാക്കി.
2023 എത്തിയപ്പോഴേക്കാം താൻ നിർദേശിച്ച കാര്യങ്ങൾ ജി7 നേതാക്കൾ മറന്നു. ഒരിക്കലും ഇത്തരം കാര്യങ്ങളെ തള്ളിക്കളയരുതെന്നും വാലൻസ് കൂട്ടിച്ചേർത്തു. മഹാമാരികൾ സംബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നിർദേശങ്ങളെക്കുറിച്ചും വാലൻസ് പരാമർശിച്ചു. മഹാമാരികളെ നേരിടാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവെച്ച ആശയം. പക്ഷേ, ഇക്കാര്യത്തിൽ വ്യക്തമായൊരു ധാരണയുണ്ടായതായി കരുതുന്നില്ല, വാലൻസ് ചൂണ്ടിക്കാണിച്ചു.
മഹാമാരി പോലുള്ള സാഹചര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണെന്നും അതിന്റെ അഭാവം നിലനിൽക്കുന്നുണ്ടെന്നും വാലൻസ് പറയുന്നു. ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്ന് മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളാകണമെന്നും വാലൻസ് നിർദേശിച്ചു. ഋഷി സുനക് സർക്കാരിന്റെ പുകവലി വിരുദ്ധ ബില്ലിനെ വാലൻസ് അഭിനന്ദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുൻപ് ബിൽ നടപ്പാകില്ല എന്നതിൽ നിരാശ പ്രകടിപ്പിക്കാനും വാലൻസ് മടിച്ചില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

