കെ എം എബ്രഹാമിനെതിരായ അപകീർത്തികരമായ വിഡിയോ പിൻവലിച്ച് കെമാൽ പാഷ; നിയമപരമായി നീങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി കെ എം എബ്രഹാം

റിട്ടയർഡ് ജഡ്ജിയുടെ നിലവാരത്തിലുളള ഒരു വ്യക്തി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കേരള ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ തന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയതെന്ന് കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാം. ഒന്നും വെരിഫൈ ചെയ്യാതെ ജഡ്ജ്മെന്റൽ ഒന്നും ഇല്ലാതെ വല്ലാത്ത രീതിയിലുള്ള വാക്കുകളിലൂടെ ഒട്ടും വസ്തുതാപരമല്ലാത്ത, വേദനാജനകായ കാര്യങ്ങളാണ് കെമാൽ പാഷ വിഡിയോയിൽ പറഞ്ഞത്.

മറ്റേതൊരു ചാനൽ ചർച്ചയേയും അവഗണിക്കുന്നത് പോലെ തനിക്ക് വേണമെങ്കിൽ ഈ വിഡിയോയെയും അവഗണിക്കാമായിരുന്നുവെന്നും എന്നാൽ വ്യക്തിഹത്യ പ്രോത്സാഹിപ്പിക്കരുത് എന്ന നിലപാട് ആണ് താൻ ഇക്കാര്യത്തിൽ എടുത്തതെന്നും അതുകൊണ്ടാണ് മാനനഷ്ടത്തിന് കെമാൽ പാഷയ്ക്കെതിരെ കേസ് കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

ഒരു സാധാരണക്കാരൻ ഇതേ രീതിയിൽ തന്നെ വ്യക്തിഹത്യ ചെയ്താൽ ഇതേ എഫക്ട് നമ്മൾ കൽപ്പിക്കേണ്ടതില്ല. പക്ഷേ ഒരു ഹൈക്കോടതി ജഡ്ജ്മെന്റിന്റെ പശ്ചാത്തലത്തിൽ ഒരു റിട്ട.ജഡ്ജി ഇത് പറയുമ്പോൾ അതിന്റെ വിശ്വസനീയത കൂടുകയാണ്. അതുകൊണ്ടാണ് സിവിലായും ക്രിമിനലായും മാനനഷ്ടത്തിന് കേസ് കൊടുത്തത്. ആ തീരുമാനം എടുത്തതിന് ശേഷമാണ് താൻ വക്കീൽ നോട്ടീസ് അയച്ചത്.

അതിന് ശേഷം കെമാൽ പാഷ മാപ്പ് പറയുകയും വിഡിയോ പിൻവലിക്കുകയും ചെയ്തുവെങ്കിലും കേസ് മുന്നോട്ട് കൊണ്ട് പോകണോ വേണ്ടയോ എന്നതിൽ താൻ തീരുമാനം എടുത്തിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക ഷാഹിനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെ എം എബ്രഹാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിഡിയോയുടെ പൂർണരൂപം കാണാം;

Leave a Reply