2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്.
കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക. കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ചൈൽഡ് റീസ്‌ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കുക.
സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടക്ക് കുഞ്ഞുങ്ങളെ ഇരുത്തുന്ന അത്യന്തം അപകടം നിറഞ്ഞ പ്രവർത്തി ഒഴിവാക്കുക. കഴിയുന്നതും കുട്ടികളെ പുറകിലെ സീറ്റിൽ ഇരുത്തുക, മടിയിൽ ഇരുത്തിക്കൊണ്ട് യാത്ര കഴിയുന്നതും ഒഴിവാക്കണം മുൻ സീറ്റിൽ പ്രത്യേകിച്ചും. കുട്ടികൾ ഉള്ളപ്പോൾ ചൈൽഡ് ലോക്ക് നിർബന്ധമായും ഉപയോഗിക്കുക. ഡോർ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി (വലത് കൈ കൊണ്ട് ഇടത് ഡോർ തുറക്കുന്ന രീതി) പരിശീലിപ്പിക്കുന്നത് ഉചിതമായിരിക്കും. വാഹനം നിർത്തിയിടുമ്പോൾ എൻജിൻ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക. ഇതുമൂലം കുട്ടികൾ ആക്‌സിലറേറ്ററിൽ അറിയാതെ തിരിച്ചും ഗിയർ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം.
18 വയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയൊ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതൊ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ മോട്ടോർ വാഹന നിയമത്തിൽ ഏറ്റവും കഠിനമായ ശിക്ഷാവിധികൾ പ്രായപൂർത്തിയായാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനാണെന്ന് അറിയണം. 2019 -ൽ പുതുതായി 199(A) വകുപ്പ് കൂട്ടി ചേർക്കുക വഴി ജുവനൈൽ ആയ കുട്ടികൾ വാഹനം ഓടിക്കുന്നത് ഇപ്പോൾ 35000 രൂപ പിഴയും രക്ഷിതാവിന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറ്റപ്പെട്ടിരിക്കുന്നു. മാത്രവുമല്ല വാഹനത്തിന്റെ രജിസ്‌ട്രേഷനും രക്ഷിതാവിന്റെ ലൈസൻസും റദ്ദു ചെയ്യപ്പെടാം. ആ കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമെ ലൈസൻസിന് അപേക്ഷിക്കാനും കഴിയൂ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

