ഒതായി മനാഫ് കൊലക്കേസ്: പി.വി. അൻവറിന്റെ സഹോദരി പുത്രൻ കുറ്റക്കാരനെന്ന് കോടതി; മൂന്ന് പ്രതികളെ വെറുതെ വിട്ടു

ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ഇതോടെ, പി.വി. അൻവർ എം.എൽ.എയുടെ സഹോദരിയുടെ മകനായ ഷഫീഖ് കൊലക്കുറ്റം ചെയ്തതായി തെളിഞ്ഞു.

അതേസമയം, കേസിൽ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫ്, 17-ാം പ്രതി നിലമ്പൂർ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീർ എന്ന ജാബിർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മനാഫിനെ 1995 ഏപ്രിൽ 13-നാണ് ഒതായി അങ്ങാടിയിൽ വെച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ കേസിൽ നേരത്തെ രണ്ടാം പ്രതിയായ പി.വി. അൻവർ അടക്കമുള്ള 21 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

കൊലപാതകത്തിന് ശേഷം 25 വർഷത്തോളം ഒളിവിലായിരുന്ന നാല് പ്രതികൾ മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പിടിയിലായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply