ഐക്യരാഷ്ട്രസഭയുടെ തീവ്രവാദവിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി പാകിസ്താനെ നിയമിച്ച നടപടി രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. ‘പാൽ സംരക്ഷിക്കാൻ പൂച്ചയെ നിയോഗിക്കുന്നതുപോലെയാണ് ഈ തീരുമാനം,’ എന്നതാണ് അദ്ദേഹത്തിന്റെ പരാമർശം.ആഗോള ഭീകരതയുടെ ‘പിതാവ്’ എന്ന കുപ്രസിദ്ധിയുള്ള രാജ്യമാണ് പാകിസ്താനെന്നും, ഇത്തരം ഒരു രാജ്യത്തെ തീവ്രവാദ വിരുദ്ധ സമിതിയുടെ ഉയർന്ന പദവിയിൽ നിയമിക്കുന്നത് യുഎന്നിന്റെ ഭീകരവാദവിരുദ്ധ ശ്രമങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന താലിബാനുമായി ബന്ധമുള്ള വ്യക്തികളും സംഘടനകളും ഉൾപ്പെടെയുള്ളവർക്കെതിരെ സ്വത്തുക്കൾ മരവിപ്പിക്കൽ, യാത്രാ വിലക്ക്, ആയുധ ഉപരോധം തുടങ്ങിയ നടപടികൾക്കായുള്ള ഉത്തരവാദിത്വം വഹിക്കുന്ന സമിതിയാണ് 1988 കമ്മിറ്റി എന്നറിയപ്പെടുന്ന താലിബാൻ ഉപരോധ സമിതി. ഈ സമിതിയുടെ വൈസ് ചെയർമാനായി പാകിസ്താനെ നിയമിച്ചിട്ടുണ്ട്. പാകിസ്താനോടൊപ്പം ഗയാനയും റഷ്യയും കൂടി സമിതിയുടെ വൈസ് ചെയർപേഴ്സണുകളായിരിക്കും.
യുഎൻ സുരക്ഷാ കൗൺസിലിന്റെ ഉപരോധ സമിതികളുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ, നടപടിക്രമങ്ങൾ, പൊതുവായ ഉപരോധ വിഷയങ്ങൾ തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യുന്ന അനൗപചാരിക വർക്കിംഗ് ഗ്രൂപ്പുകളുടെ സഹ അധ്യക്ഷ സ്ഥാനം പാകിസ്താൻ വഹിക്കും.2025-26 കാലയളവിലേക്ക് സുരക്ഷാ കൗൺസിലിന്റെ 15 അംഗങ്ങളിൽ ഒന്നായി പാകിസ്താൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ, 2021-22 കാലയളവിൽ ഇന്ത്യ ഈ കൗൺസിലിന്റെ തീവ്രവാദവിരുദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനത്ത് ഉണ്ടായിരുന്നത് ശ്രദ്ധേയമാണ്.