ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ സംഭവം; ജി.സി.ഡി.എക്ക് ക്ലീൻചിറ്റ്

തൃക്കാക്കര എം.എൽ.എ ഉമ തോമസിന് സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ)ക്ക് ക്ലീൻ ചിറ്റ്. ജി.സി.ഡി.എക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. നൃത്തപരിപാടിക്കായി വേദിയൊരുക്കിയ മൃദംഗവിഷന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും പൊലീസ് പറയുന്നു. കുറ്റപത്രം ഉടൻ സമർപ്പിക്കും.

ഐ.എസ്.എൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ മാത്രം നടക്കുന്ന കലൂർ സ്റ്റേഡിയം ഗിന്നസ് നൃത്തപരിപാടിക്ക് വിട്ടുനൽകിയത് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ ഇടപെടലിനെത്തുടർന്നാണെന്ന വാർത്തകൾ വന്നിരുന്നു. ടർഫ് ഒഴിവാക്കിയുള്ള പരിപാടി ആയതിനാൽ അനുമതി നൽകാമെന്ന് വ്യക്തമാക്കിയാണ് ചെയർമാൻ രേഖാമൂലം അനുമതി നൽകിയത്.

കായിക പരിപാടികൾക്ക് മാത്രമേ സ്റ്റേഡിയം നൽകാവൂ എന്ന് നിയമത്തിലില്ലെന്നും ഇതിനെ മറികടക്കേണ്ടതാണെങ്കിൽ അതിനാണ് ചെയർമാൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വമുള്ളതെന്നും ചന്ദ്രൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതുമാത്രം നടത്താനല്ല തങ്ങളെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

ഡിസംബർ 29നാണ് വി.ഐ.പി ഗ്യാലറിയിൽനിന്ന് വീണ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റത്. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. 12,000 നർത്തകരുടെ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. മൃദംഗ വിഷൻറെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു നൃത്തപരിപാടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply