ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്; രാജ്യങ്ങളുടെയും നിർണായക വിവരങ്ങൾ ചോർന്നേക്കും

ഉത്തര കൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം നാലാം തീയതി ഉപഗ്രഹ വിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ ഞായറാഴ്ച രാത്രി മുതൽ പ്രവർത്തനം ആരംഭിച്ചതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറിയൻ മുനമ്പിനും ഫിലിപ്പീൻസ് ദ്വീപായ ലുസോണിനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങൾ അപകടമേഖലയായി ഉത്തര കൊറിയ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോംഗ് ഉന്നിനോട് ആവശ്യപ്പെടാൻ യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ തമ്മിൽ ധാരണയായി. 2023 നവംബറിൽ ആദ്യ ചാര ഉപഗ്രഹം ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചിരുന്നു. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്യോംഗ്യാംഗ് രണ്ടാം ഉപഗ്രഹ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. മേഖലയിലെ യുഎസ് സാന്നിദ്ധ്യം നിരീക്ഷിക്കാനാണ് ഉപഗ്രഹവിക്ഷേപണം നടത്തുന്നതെന്നാണ് പ്യോംഗ്യാംഗ് പറയുന്നത്. വൈറ്റ് ഹൗസ്, പെന്റഗൺ തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയതായും അവർ അവകാശപ്പെടുന്നു.

ഉത്തരകൊറിയയുടെ പ്രധാന ശത്രുവായ ദക്ഷിണ കൊറിയൻ മേഖലകളിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഉപഗ്രഹത്തിലൂടെ പ്യോംഗ്യാംഗിന് ലഭിക്കുമെന്നും ഇത് സുരക്ഷാ ഭീഷണിയാകുമെന്നുമാണ് സോളിന്റെ ഭീതി. ഉപഗ്രഹ വിക്ഷേപണ നീക്കം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ഉപഗ്രഹ പദ്ധതിക്കായി ഉത്തര കൊറിയയ്ക്ക് റഷ്യൻ സഹായം ലഭിച്ചിട്ടുണ്ടെന്നും സോൾ ആരോപിക്കുന്നു. 2024ൽ മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉത്തര കൊറിയ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply