ഇന്ത്യൻ ആണവോർജ നിലയങ്ങളുടെ ശിൽപി; ഡോ. എം ആർ ശ്രീനിവാസൻ അന്തരിച്ചു

രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോർജ കമ്മിഷൻ മുൻ ചെയർമാനുമായിരുന്ന ഡോ. എം ആർ ശ്രീനിവാസൻ (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നിവീണതിനെത്തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാനാണ്. ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് 18 ആണവോർജ പ്ലാന്റുകൾ നിർമിച്ചു. വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഉപദേഷ്ടാവായിരുന്നു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. ‘ഫ്രം ഫിഷൻ ടു ഫ്യൂഷൻ-ദി സ്റ്റോറി ഓഫ് ഇന്ത്യാസ് അറ്റമിക് എനർജി പ്രോഗ്രാം’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

മാലൂർ രാമസ്വാമി ശ്രീനിവാസൻ എന്ന എം.ആർ. ശ്രീനിവാസൻ 1930-ൽ ബെംഗളൂരുവിലാണ് ജനിച്ചത്. മെക്കാനിക്കൽ എൻജിനീയറായ ശ്രീനിവാസൻ 1955-ലാണ് ആണവോർജ വകുപ്പിൽ ചേർന്നത്. തുടർന്ന്, ഡോ. ഹോമി ജെ. ഭാഭയുമായി ചേർന്ന് രാജ്യത്തെ ആദ്യ ആണവ റിയാക്ടറായ ‘അപ്‌സര’യുടെ നിർമ്മാണത്തിൽ പങ്കാളിയായി. 1959-ൽ ആണവോർജ വിഭാഗത്തിൽ പ്രിൻസിപ്പൽ പ്രോജക്ട് എൻജിനീയറായി നിയമിതനായതോടെ ആണവോർജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദന പദ്ധതികൾക്ക് ചുക്കാൻ പിടിച്ചു.

1967-ൽ മദ്രാസ് ആറ്റമിക് പവർ സ്റ്റേഷന്റെ ചുമതല വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആണവനയം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ശ്രീനിവാസൻ 1987-ലാണ് ആണവോർജ കമ്മിഷൻ ചെയർമാനും ആണവോർജ വകുപ്പ് സെക്രട്ടറിയുമാകുന്നത്. ഭാര്യ: ഗീത മക്കൾ: ശാരദ ശ്രീനിവാസൻ, രഘുവീർ. മരുമക്കൾ: സത്തു, ദ്വിഗ്വിജ്. സംസ്‌കാരം വ്യാഴാഴ്ച 11-ന് വെല്ലിങ്ടണിൽ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply