സമൂഹമാധ്യമത്തിലൂടെ വൈറലായ പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്. ആളുകൾ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ വഴി മുളകെട്ടി അടച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന സ്ഥലം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പ്രത്യേകത. എന്നാൽ വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റർ വരെ സഞ്ചരിച്ചുവേണം ഈ പ്രദേശത്തേക്ക് എത്താൻ.
ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാൽ യാതൊരു സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും ഇല്ലാത്ത ഈ സ്ഥലത്ത് നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും വന്നു പോകുന്നത്. മാത്രവുമല്ല ഈ പ്രദേശത്ത് വലിയ താഴ്ചയിലുള്ള കൊക്കയും ഉണ്ട്. ഇവ കൂടി പരിഗണിച്ചുകൊണ്ടാണ് വനംവകുപ്പ് സഞ്ചാരികൾ എത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലത്ത് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല എന്നും അധികൃതർ അറിയിച്ചു