ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് മന്ത്രി പറഞ്ഞു.
‘ഇത് നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണ്. എന്‍സിഇആര്‍ടിയുടെ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയുള്ള നടപടിയാണ്. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സില്‍ സംവേദനപരമായ സമീപനം വളര്‍ത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകള്‍ മാറ്റി, മൃദംഗ്, സന്തൂര്‍ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീര്‍ത്തും ശരിയല്ല. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന്’ മന്ത്രി വ്യക്തമാക്കി.
പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ വെറും പേരല്ല. അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് തലക്കെട്ടുകള്‍ അര്‍ഹമാണ്. എന്‍സിഇആര്‍ടി ഈ തീരുമാനം പുനപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നും എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

