ആ പെൺകുട്ടിക്കു കുളിക്കാൻ കഴിയില്ല…; കാരണം വെള്ളം അവൾക്ക് അലർജിയാണ്

എങ്ങനെ വിശ്വസിക്കും… വെള്ളം അലർജിയായ പെൺകുട്ടിയുടെ കഥ. വൈദ്യശാസ്ത്രമേഖലയിൽ അപൂർവങ്ങളിൽ അപൂർവമായ രോഗാവസ്ഥയാണ് അവളുടേത്. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ മോണ്ടെഫസ്‌കോ എന്ന 22കാരിയാണ് ഈ അപൂർവ അവസ്ഥയിലൂടെ കടന്നുപോകുന്നത്. വെള്ളം അലർജിയാണെന്നും അതു കടുത്ത ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ കുളിക്കാൻ കഴിയുന്നില്ലെന്നും ന്യൂയോർക്ക് പോസ്റ്റിൽ ലോറൻ തന്നെയാണു വെളിപ്പെടുത്തിയത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ അവസ്ഥ തരണം ചെയ്യുകയെന്നത് ഏറെ പ്രയാസകരമാണെന്നും ലോറൻ പറയുന്നു.

‘അക്വാജെനിക് ഉർട്ടികാരിയ’ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. വെള്ളവുമായി സമ്പർക്കം പുലർത്തിയാൽ ശരീരമാസകലം ചുണങ്ങു ബാധിച്ചപോലെയാകും. വൈദ്യശാസ്ത്രചരിത്രത്തിൽ ഇതുവരെ 37 സംഭവങ്ങൾ മാത്രമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുളിക്കുകയോ, അല്ലെങ്കിൽ ജലവുമായി ശരീരത്തിനു സന്പർക്കമുണ്ടാകുകയോ ചെയ്താൽ ശരീരത്തിനു മാരകമായ ചൊറിച്ചിൽ ഉണ്ടാകുമെന്നും ചൊറിച്ചിൽ ഒരു മണിക്കൂർവരെ നീണ്ടുനിൽക്കാമെന്നും വിദഗ്ധർ പറയുന്നു.

ലോറനു പന്ത്രണ്ടു വയസുള്ളപ്പോഴാണു രോഗാവസ്ഥ തിരിച്ചറിയുന്നത്. കാലക്രമേണ രോഗം വഷളാകുകയായിരുന്നു. ചികിത്സയില്ലാത്തതിനാൽ, ദിനചര്യകളിൽ മാറ്റം വരുത്താനായിരുന്നു ഉപദേശം. കഴിയുന്നത്ര കുളിയുടെ എണ്ണം കുറച്ച്, വേഗത്തിൽ കുളിച്ച് അസ്വസ്ഥത കുറയ്ക്കാൻ ലോറൻ ശ്രമിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ലോറൻ വിവിധ അലർജികളുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും അത്തരക്കാരുടെ ഗ്രൂപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply