ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവം; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രൊജക്റ്റ് മാനേജർ, എൻജിനീയർമാർ എന്നിവർക്കെതിരെയാണ് നടപടി. നിർമാണ സ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ ഇവർ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഉദ്യോ​ഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടില്ലെന്നും മൊബൈൽ ഫോണിലൂടെയായിരുന്നു തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി.

അന്വേഷണം പൂ‍ർത്തിയാവുന്നത് വരെ ഇവരെ സസ്പെൻഡ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം മൂന്നിനായിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്. സംഭവത്തിൽ നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. അപകടത്തിൽ ആളപായം ഇല്ലായിരുന്നു. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രദേശവവാസികളും രംഗത്ത് വന്നിരുന്നു. നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നിര്‍മാണം തുടരണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply