കഴിഞ്ഞ ദിവസം ശ്രീനഗറിൽ ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ അപകടം ഒഴിവാക്കാൻ പൈലറ്റ് പാകിസ്താനെ ബന്ധപ്പെട്ടുവെന്ന് റിപ്പോർട്ട്. പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാൻ പൈലറ്റ് അനുമതി തേടി. എന്നാൽ അഭ്യർത്ഥന ലാഹോർ എയർ ട്രാഫിക് കൺട്രോൾ നിരസിക്കുകയായിരുന്നു. ഇതോടെയാണ് അപകടകരമായ ലാൻഡിംഗിന് പൈലറ്റ് തയ്യാറായത്. ആകാശച്ചുഴിയിൽ പെട്ട വിമാനത്തിന് കേടുപാടുകളുണ്ടായിരുന്നു.
ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം അമൃത്സറിലെത്തിയപ്പോഴാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. ഇതോടെ പൈലറ്റ് വ്യോമാതിർത്തി ഉപയോഗിക്കാൻ ലാഹോർ എടിസിയുമായി ബന്ധപ്പെടുകയായിരുന്നു. പാകിസ്താൻ അനുമതി നിഷേധിച്ചതോടെ പൈലറ്റ് ലാൻഡിംഗിന് ശ്രമിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ശ്രീനഗർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. യാത്രക്കാരും ക്രൂവും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുണ്ടായി.വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ബുധനാഴ്ച്ച ഡൽഹിയിലുണ്ടായ കനത്ത മഴയും ആലിപ്പഴ വർഷവുമാണ് പെട്ടെന്നുളള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. ഇതുമൂലം ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ സർവ്വീസ് നിർത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതിനെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. തുടർന്ന് പാകിസ്താൻ ഇന്ത്യയിലേക്കുളള വ്യോമാതിർത്തി അടച്ചു. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാനും അനുവാദമില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

