അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന്റെ (41) ചികിത്സാച്ചെലവുകൾ മുഴുവനായും നടൻ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ സന്ധ്യയുടെ തുടർ ചികിത്സകൾ മമ്മൂട്ടിയുടെ ‘കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ’ നേതൃത്വത്തിലായിരിക്കും നടക്കുക.
അപകടത്തിൽ ഭർത്താവ് ബിജു മരിച്ചതോടെ സന്ധ്യയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായിരുന്നു. അതിനുപുറമെയാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കഴിഞ്ഞ വർഷം മകൻ കാൻസർ മൂലം മരിക്കുകയും ചെയ്തതോടെ, നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇപ്പോൾ സന്ധ്യയ്ക്ക് താങ്ങായിട്ടുള്ളത്.
നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിച്ചതിനെ തുടർന്നാണ് ഈ സഹായം. മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
ഞായറാഴ്ച പുലർച്ചെ രാജഗിരി ആശുപത്രിയിലെത്തിച്ച സന്ധ്യയുടെ ഇരുകാലുകൾക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട സന്ധ്യയെ ആശുപത്രിയിലെത്തിക്കാൻ ഏകദേശം ഏഴ് മണിക്കൂറിലധികം സമയമെടുത്തു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
തുടർന്ന് എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശങ്ങൾ വർധിക്കുകയും അത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തി. ഈ ഘട്ടത്തിൽ സന്ധ്യയുടെ ജീവൻ രക്ഷിക്കുന്നതിനായി ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യുകയായിരുന്നു.
വലതുകാലിലെ മസിലുകൾക്ക് ചികിത്സയും ഇടതുകാലിന്റെ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർചികിത്സകളും ആവശ്യമാണ്. തിരക്കിനിടയിലും മമ്മൂട്ടി സന്ധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതരുമായി വിശദമായി സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

