തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇത്തവണത്തെ വർച്വൽ പുതുവത്സരാഘോഷങ്ങൾ ‘ബ്ലൂ കണക്ട്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയവും വിജയകരവുമായ അനുഭവമായിരുന്നുവെന്ന് ജിഡിആർഎഫ്എ ദുബൈ ഉപ മേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് വർച്വൽ സംവിധാന ത്തിലുടെ ന്യൂ ഇയർ ആഘോഷ പൊലിമ ആയിര കണക്കിന് തൊഴിലാളികൾകിടയിലേക്ക് എത്തിച്ചത് .ഡിജിറ്റൽ നവീകരണത്തിനും മനുഷ്യകേന്ദ്രിത സേവനങ്ങൾക്കും മുൻഗണന നൽകുന്ന ജിഡിആർഎഫ്എയുടെ സമീപനത്തിന്റെ ശക്തമായ ഉദാഹരണമായാണ് ഈ സംരംഭം മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ‘ബ്ലൂ കണക്ട്’ പ്ലാറ്റ്‌ഫോമിൽ പങ്കുചേർന്നത് മനുഷ്യബന്ധങ്ങൾ ശക്തിപ്പെടുത്തുകയും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന സ്മാർട്ട് പദ്ധതികളെ പിന്തുണയ്ക്കുന്നതിനായാണ്. സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ അനുഭവങ്ങൾ സൃഷ്ടിക്കണമെന്ന ദുബൈയുടെ വിശാല കാഴ്ചപാടിനോടും ഈ നീക്കം പൂർണമായും യോജിക്കുന്നതാണെന്ന് മേജർ ജനറൽ പറഞ്ഞു.
സമയത്തെയും സ്ഥലത്തെയും പരിമിതികളില്ലാതെ വർച്വൽ, ഹൈബ്രിഡ് പരിപാടികൾ സംഘടിപ്പിക്കാനുള്ള വർധിച്ചുവരുന്ന ആവശ്യകത മുൻനിർത്തിയാണ് ‘ബ്ലൂ കണക്ട്’ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. സ്മാർട്ട് ചാനലുകൾ വഴി ലളിതമായ പ്രവേശനം ഉറപ്പാക്കുന്ന ഈ സംവിധാനം, കൂടുതൽ ആളുകൾക്ക് ആഘോഷങ്ങളിലും വിവിധ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ അവസരം ഒരുക്കി. ലൈവ് സ്ട്രീമിംഗ്, ഇന്ററാക്ടീവ് ഉള്ളടക്കങ്ങൾ, വിനോദ പരിപാടികൾ, മത്സരങ്ങൾ, സമ്മാനനേട്ടങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ വേദിയിൽ ഏകോപിപ്പിക്കുന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത.
നടപടിക്രമങ്ങൾ ലളിതമാക്കുകയും സമയംയും പരിശ്രമവും ലാഭിക്കുകയും ചെയ്യുന്ന ‘ബ്ലൂ കണക്ട്’, സംഘാടകരും പങ്കാളികളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനും അഭിപ്രായ പങ്കുവെപ്പിനും വഴിയൊരുക്കി. അതോടൊപ്പം, സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിനും ഈ പ്ലാറ്റ്‌ഫോം പുതിയ സാധ്യതകൾ തുറക്കുന്നു. സ്പോൺസർഷിപ്പുകൾ, മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ, ഡിജിറ്റൽ പരിപാടികളിലൂടെയുള്ള ദൃശ്യപ്രതിഫലനം എന്നിവ വഴി കമ്പനികൾക്ക് സജീവ പങ്കാളിത്തം ഉറപ്പാക്കാനാവും.
‘ബ്ലൂ കണക്ട്’ ആധുനിക ആശയവിനിമയ രീതികളോടുള്ള ജിഡിആർഎഫ്എ ദുബൈയുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.”സമയമോ സ്ഥലമോ തടസ്സമാകാതെ ആളുകളുടെ ആവശ്യങ്ങൾക്ക് പ്രതികരിക്കുന്ന ലച്ചിലായ, ഇന്ററാക്ടീവ് ഡിജിറ്റൽ അനുഭവങ്ങൾ നൽകാൻ പ്ലാറ്റ്‌ഫോമിന് കഴിഞ്ഞു. ഇതുവഴി ഇത്തവണത്തെ ന്യൂ ഇയർ ആഘോഷം വലിയ വിജയമായി മാറി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ററാക്ടീവ് ഡിജിറ്റൽ പരിഹാരങ്ങളിലേക്കുള്ള നിക്ഷേപം മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുകയും, തുറന്ന ആശയവിനിമയവും പങ്കാളിത്തവും ആധാരമാക്കിയ മനുഷ്യകേന്ദ്രിത സമീപനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കൂടുതൽ സവിശേഷതകളും സേവനങ്ങളും ‘ബ്ലൂ കണക്ട്’ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുമെന്നും ജിഡിആർഎഫ്എ അറിയിച്ചു.
നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരിക്കുന്ന ‘ബ്ലൂ കണക്ട്’, അടുത്ത ഘട്ടത്തിൽ ആപ്പിൾ ആപ്പ് സ്റ്റോറിലും അവതരിപ്പിക്കാനാണ് പദ്ധതി. മൊബൈൽ ഫോൺ നമ്പർ മാത്രം ഉപയോഗിച്ചുള്ള ലളിതമായ രജിസ്ട്രേഷൻ സംവിധാനമാണ് പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നത്.
ഈ സംരംഭത്തിലൂടെ ആളുകളെ കേന്ദ്രബിന്ദുവാക്കി, ഭാവിയിലേക്കൊരുങ്ങുന്ന, പങ്കാളിത്ത സംസ്കാരം വളർത്തുന്ന സമഗ്രവും പ്രായോഗികവുമായ ഡിജിറ്റൽ അനുഭവങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.

