Headlines

നിങ്ങൾ കുടിക്കുന്നത് യഥാർഥ ചായ തന്നെയാണോ? പുതിയ കർശന നിയമവുമായി FSSAI

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ലേബലിങ്ങിന് തടയിടാൻ നിർണായക നീക്കവുമായി രാജ്യത്തെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI). ‘കമീലിയ സിനിസിസ്’ (Camellia sinensis) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന യഥാർഥ തേയിലച്ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ മാത്രമേ ഇനി മുതൽ ‘ചായ’ (Tea) എന്ന പേരിൽ വിൽക്കാൻ പാടുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി. ഡിസംബർ 24-നാണ് ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം പുറത്തിറക്കിയത്.

എന്തുകൊണ്ടാണ് ഈ നിയന്ത്രണം?

നിലവിൽ വിപണിയിലുള്ള പല ഹെർബൽ ഇൻഫ്യൂഷനുകളും (ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന പാനീയങ്ങൾ), പൂക്കളിൽ നിന്നുള്ള പാനീയങ്ങൾ എന്നിവ ഹെർബൽ ടീ, ഫ്ലവർ ടീ എന്നീ പേരുകളിലാണ് വിപണനം ചെയ്യുന്നത്. എന്നാൽ ഇവയൊന്നും യഥാർഥ തേയിലച്ചെടിയിൽ നിന്നുള്ളവയല്ലെന്ന് എഫ്.എസ്.എസ്.എ.ഐ നിരീക്ഷിച്ചു. ഗ്രീൻ ടീ, കാംഗ്ര ടീ, ഇൻസ്റ്റന്റ് ടീ എന്നിവയുൾപ്പെടെയുള്ളവ തേയിലയിൽ നിന്നുതന്നെ തയ്യാറാക്കിയവയാകണമെന്നും അതോറിറ്റി നിഷ്കർഷിക്കുന്നു.

നിയമലംഘകർക്കെതിരെ കർശന നടപടി

തേയില അല്ലാത്ത സസ്യങ്ങളിൽ നിന്നുള്ള മിശ്രിതങ്ങളെ ‘ചായ’ എന്ന് വിശേഷിപ്പിക്കുന്നത് ഇനി മുതൽ ‘മിസ്ബ്രാൻഡിങ്’ ആയി കണക്കാക്കും. ഇത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ലംഘനമാണ്. ഓരോ പാക്കറ്റിന്റെയും മുൻവശത്ത് ഉൽപ്പന്നത്തിന്റെ പേര് കൃത്യമായി നൽകിയിരിക്കണം. ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്കും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കും.

Leave a Reply