ആൺകുട്ടിയുമായുള്ള പെൺകുട്ടിയുടെ സൗഹൃദം ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം. പ്രായപൂർത്തിയാകാത്ത വ്യക്തിയുമായുള്ള ലൈംഗിക ബന്ധം സമ്മതത്തോടെയാണെങ്കിൽ പോലും നിയമപരമല്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ജൂലൈ 24-ന് പുറപ്പെടുവിച്ച ഉത്തരവിൽ എടുത്തുപറഞ്ഞു.
‘പ്രതി തന്റെ സംസാരത്തിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിലായെന്ന പ്രോസിക്യൂഷൻ വാദം അടിസ്ഥാനമാക്കി ലൈംഗിക ബന്ധം സമ്മതത്തോടെയായിരുന്നു എന്ന് വിലയിരുത്താൻ കഴിയില്ല, ‘പെൺകുട്ടിയുടെ മൊഴിയിൽ പ്രതിയുടെ ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്’ എന്നും കോടതി ചൂണ്ടിക്കാട്ടി.
2023 ഏപ്രിലിൽ ഡൽഹിയിലെ വികാസ് പുരിയിൽ നടന്ന സംഭവമാണ് ഈ കേസിന് ആധാരം. ഒരു നിർമ്മാണ തൊഴിലാളി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് അവളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണം നടന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നു എന്നും ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയായിരുന്നു എന്നുമാണ് പ്രതിഭാഗം വാദിച്ചത്.പ്രതിയുടെ ഹർജി തള്ളിയ കോടതി, പെൺകുട്ടിയുടെ അമ്മയുടെ സാക്ഷ്യപത്രത്തെ അടിസ്ഥാനമാക്കിയാണ് അവളുടെ പ്രായം സംബന്ധിച്ച് നിഗമനത്തിലെത്തിയത്. പ്രായപൂർത്തിയാകാത്തതായി സ്ഥാപിക്കുന്ന പെൺകുട്ടിയുടെ വിദ്യാഭ്യാസ രേഖകൾ പരിഗണിച്ചുവെങ്കിലും, അവ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

