Headlines

മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

മുൻ റെയിൽവേ മന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ മുകുൾ റോയ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ നിർണ്ണായക സാന്നിധ്യമായിരുന്നു.

മമത ബാനർജിയുടെ ഏറ്റവും അടുത്ത അനുയായിയായി രാഷ്ട്രീയത്തിൽ വളർന്ന മുകുൾ റോയ്, ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ പദവികൾ വഹിച്ചിട്ടുണ്ട്. 2009-ൽ കേന്ദ്ര കപ്പൽ ഗതാഗത സഹമന്ത്രിയായും 2011 മുതൽ 2012 വരെ റെയിൽവേ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ നഗരവികസന മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2017-ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബംഗാളിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2020-ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായി. എന്നാൽ 2021-ൽ ബിജെപി ടിക്കറ്റിൽ എംഎൽഎയായി വിജയിച്ചതിന് പിന്നാലെ അദ്ദേഹം തിരികെ തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ മടങ്ങിയിരുന്നു.

Leave a Reply