കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2004 മുതൽ 2008 വരെ ഒന്നാം യു.പി.എ. മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം, 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജിവെച്ചത്.
ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടെയും മകനായി 1935 ഒക്ടോബർ 12-നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സിയും ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി. 1972-ൽ കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭയിലെത്തിയ ശിവരാജ് പാട്ടീൽ പിന്നീട് മന്ത്രിയും സ്പീക്കറുമായി. 1980-ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായ അദ്ദേഹം 2004 വരെ ഏഴ് തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.
1980 മുതൽ 1989 വരെ കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം 1991-1996 കാലയളവിൽ ലോക്‌സഭാ സ്പീക്കറായിരുന്നു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുപ്രസംഗത്തിലോ സ്വകാര്യ സംഭാഷണങ്ങളിലോ ആർക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്താത്ത, ദേശീയ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ശിവരാജ് പാട്ടീലെന്ന് കോൺഗ്രസ് നേതാക്കൾ അനുസ്മരിച്ചു.

