ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് കനത്ത തിരച്ചടി. പുതിയ റാങ്കിംഗിൽ ആറ് സ്ഥാനം നഷ്ടമായ ഇന്ത്യ 133ആം റാങ്കിലേക്ക് വീണു. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്. ഏഷ്യൻ റാങ്കിങ്ങിൽ 24ആം സ്ഥാനത്താണ് ഇന്ത്യ. 2016 ഡിസംബറിൽ 135ആം സ്ഥാനത്തായതാണ് ഇതിന് മുൻപത്തെ മോശം പ്രകടനം. 97ആം സ്ഥാനം വരെ ഉയർന്ന ഇന്ത്യക്ക് തുടർച്ചയായ തോൽവികളാണ് തിരിച്ചടിയായത്. അവസാന പതിനാറ് മത്സരത്തിൽ നിന്ന് ഇന്ത്യ ഒറ്റക്കളിയിൽ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് മനോലോ മാർക്വേസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു.
എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഹോങ്കോംഗിനെതിരായ തോൽവിയോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പിൽ യോഗ്യത നേടാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരുന്നു. ഇനിയുള്ള നാലു യോഗ്യതാ മത്സരങ്ങളിലും ജയിച്ചാലെ ഇന്ത്യക്ക് യോഗ്യത നേടാനാവു. ഹോങ്കോംഗിനെതിരായ മത്സരത്തിൽ സൂപ്പർ താരം സുനിൽ ഛേത്രിയെ കളിപ്പിക്കാതിരുന്ന മാർക്വേസിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
2024ൽ ഇഗോർ സ്റ്റിമാക്കിന്റെ പിൻഗാമിയായാണ് ഐഎസ്എല്ലിൽ എഫ് സി ഗോവയുടെ പരിശീലകൻ കൂടിയായിരുന്നു മാർക്വേസ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. രണ്ട് വർഷത്തേക്കായിരുന്നു കരാർ. ആദ്യ സീസണിൽ ഗോവയുടെയും ഇന്ത്യയുടെയും പരിശീലക ചുമതല ഒരുമിച്ചായിരുന്നു മാർക്വേസ് വഹിച്ചത്. 13 മാസത്തെ കരാർ കൂടി ബാക്കിയിരിക്കെയാണ് മാർക്വേസ് സ്വയം പിൻമാറിയത്.

