ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം നിറവിൽ രാജ്യം. 140 കോടി ജനങ്ങൾ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്
പാകിസ്ഥാൻ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീരജവാൻമാർക്ക് ബിഗ് സല്യൂട്ട് എന്നും മോദി പറഞ്ഞു. സിന്ധുനദീ ജലക്കരാറിൽ ഇനി ഒരുപുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. മതം ചോദിച്ചാണ് തീവ്രവാദികൾ നിഷ്‌കളങ്കരായവരെ കൊലപ്പെടുത്തിയത്. അവരെ പിന്തുണച്ചവർക്കും തക്കതായ ശിക്ഷ നൽകാൻ രാജ്യത്തിനായി. പഹൽഗാമിൽ ഭീകരവാദികൾ ഭാര്യമാരുടെ മുന്നിൽ വച്ച് ഭർത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നിൽ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. നമ്മുടെ സൈന്യം ഓപ്പറേഷൻ സിന്ദൂറിലൂടെ ചുട്ട മറുപടി നൽകി. സൈന്യത്തിനു സർക്കാർ പൂർണ സ്വാതന്ത്ര്യമാണ് നൽകിയതെന്നും പ്രധാനമന്ത്രി.പ്രസംഗത്തിൽ സ്വാതന്ത്ര്യസമരസേനാനികളെയും ഭരണഘടനാ ശിൽപികളെയും മോദി അനുസ്മരിച്ചു. മലയാളിയായ ദാക്ഷയണി വേലായുധനെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ശക്തമാക്കി. തുടർച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്

