Headlines

ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ ദുബായിലെ പൊതുഗതാഗതവുമായി ബന്ധിപ്പിക്കും

ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളെ ദുബായിലെ പൊതുഗതാഗതവുമായി ബന്ധിപ്പിക്കുമെന്ന് ആർ.ടി.എ (RTA) അറിയിച്ചു. ഇതുവഴി ദുബൈയിലെ യാത്രക്കാർക്ക് ഫീഡർ ബസുകൾ, മെട്രോ കണക്ഷനുകൾ, ടാക്സികൾ എന്നിവ വഴി ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും.ദുബായിൽ മാത്രമല്ല, അബുദാബി, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകളും അവിടുത്തെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. യാത്ര കൂടുതൽ എളുപ്പമാക്കാൻ, ഇത്തിഹാദ് റെയിലും ആർ.ടി.എയും ചേർന്ന് ഒരു ഏകീകൃത ടിക്കറ്റിങ് സംവിധാനവും ഒരുക്കും. നിലവിലുള്ള ‘നോൽ കാർഡ്’ ഉപയോഗിച്ച് ട്രെയിനുകൾ, മെട്രോ, ബസുകൾ എന്നിവയിലെല്ലാം യാത്ര ചെയ്യാം. ഇത് ടിക്കറ്റ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കും.

2026-ൽ പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇത്തിഹാദ് റെയിൽ, യു.എ.ഇയുടെ ഗതാഗത മേഖലയിൽ ഒരു സുപ്രധാന മാറ്റത്തിന് വഴിയൊരുക്കും. 900 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ദേശീയ റെയിൽ ശൃംഖല അബുദാബിയിലെ അൽ സില മുതൽ കിഴക്കൻ തീരത്തുള്ള ഫുജൈറ വരെ, യു.എ.ഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിനുകളിൽ 400 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും.

കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്തിരുന്നു. ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ ദുബായിൽ നിന്ന് ഫുജൈറയിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്. പിന്നാലെ ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply