യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ അടുത്ത വർഷം പാസഞ്ചർ സർവീസ് ആരംഭിക്കും. ഇത്തിഹാദ് റെയിൽ ഡെപ്യൂട്ടി സിഇഒ അസ്സ സുവൈദിയെ ഉദ്ധരിച്ചാണ് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ഈ വിവരം സ്ഥിരീകരിച്ചത്.
11 യുഎഇ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിലെ സൗകര്യങ്ങൾ അബുദബിയിൽ നടക്കുന്ന ആഗോള റെയിൽ കോൺഫറൻസിൽ അവതരിപ്പിച്ചു. ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ മൂന്ന് തരം കാബിനുകളാണുണ്ടാവുക. എക്കോണമി ക്ലാസ്, ഫാമിലി ക്ലാസ്, ഫസ്റ്റ് ക്ലാസ്. ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഓട്ടോമേറ്റഡ് ബാരിയറിൽ ടിക്കറ്റുകൾ സ്കാൻ ചെയ്യണം. ഓൺലൈനിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
അതോടൊപ്പം സ്റ്റേഷനുകളിലെ ടിക്കറ്റ് മെഷീനുകളിലും ടിക്കറ്റ് ലഭിക്കും. ബാങ്ക് നോട്ടുകളും കാർഡും ആപ്പിൾ പേയും മെഷീനിൽ സ്വീകരിക്കും. അതേസമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അധികൃതർ വ്യക്തത നൽകിയിട്ടില്ല. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നാല് പാസഞ്ചർ സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽപാത അബുദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ്.

