ജന നായകൻ ഓഡിയോ ലോഞ്ച് ക്വാലാലംപുരിൽ; വിജയ്‍യുടെ അവസാന ചിത്രം ജനുവരി 9-ന് തീയറ്ററുകളിലേക്ക്

നടൻ വിജയ്യുടെ കരിയറിലെ അവസാന ചിത്രമായ ‘ജന നായകൻ’ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ 27-ന് മലേഷ്യയിലെ ക്വാലാലംപുരിലെ ബുകിറ്റ് ജലിൽ സ്റ്റേഡിയത്തിൽ വെച്ചാണ് വിപുലമായ ഓഡിയോ ലോഞ്ച് ചടങ്ങ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിജയ്യുടെ ആരാധകർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരിപാടി പ്രഖ്യാപിച്ചുകൊണ്ട് നിർമാതാക്കൾ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. വിജയ്യുടെ സിനിമാ ജീവിതത്തിലെ നിർണ്ണായക ചിത്രങ്ങളായ ഖുശി, ഗില്ലി, പോക്കിരി, വേട്ടൈക്കാരൻ, തുപ്പാക്കി, തെരി, മെർസൽ, ബിഗിൽ, മാസ്റ്റർ, ലിയോ എന്നീ ചിത്രങ്ങളിലെ രംഗങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മലേഷ്യയിലെ ആരാധകർ തങ്ങൾക്ക് വിജയ് ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള അനുഭവങ്ങളും, വിജയ് പൊതു പരിപാടികളിൽ സംസാരിച്ച വാക്കുകളും വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ പുറത്തുവന്നിരുന്നു. വിജയ്യോടൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരെയ്ൻ, പ്രിയ മണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. 2026 ജനുവരി 9-ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തും. വെങ്കട്ട് കെ. നാരായണാണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘ജന നായകൻ’ നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ. കെയും സഹനിർമ്മാതാക്കളാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply