നിരൂപക പ്രശംസ നേടിയതും ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയതുമായ ‘സിതാരേ സമീൻ പർ’ എന്ന ആമിർ ഖാൻ ചിത്രം ഓഗസ്റ്റ് 1-ന് യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ചിത്രം സാധാരണ രീതിയിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യില്ലെന്ന് ആമിർ ഖാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പ്രൈം പോലുള്ള ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് പകരം, ‘പേ-പെർ-വ്യൂ’ (കാണുന്നതിന് പണം നൽകുക) മോഡലിൽ യൂട്യൂബിൽ ചിത്രം റിലീസ് ചെയ്യാനാണ് ആമിർ പദ്ധതിയിട്ടത്.
ഒടുവിൽ, ‘സിതാരേ സമീൻ പർ’ യൂട്യൂബിൽ മാത്രമായി ലഭ്യമാകുമെന്നും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നും സ്ഥിരീകരിച്ചു. ആഗസ്റ്റ് 1-ന് ചിത്രം യൂട്യൂബിൽ എത്തും. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സിനിമ താങ്ങാനാവുന്ന നിരക്കിൽ എത്തിക്കുക എന്നതാണ് ആമിർ ഖാന്റെ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 2007-ൽ പുറത്തിറങ്ങിയ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ തുടർച്ചയും സ്പാനിഷ് ചിത്രമായ ‘ചാമ്പ്യൻസി’ന്റെ ഔദ്യോഗിക റീമേക്കുമാണ് ‘സിതാരേ സമീൻ പർ’. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളടങ്ങിയ ഒരു ബാസ്‌ക്കറ്റ്‌ബോൾ ടീമിന്റെ പരിശീലകനായാണ് ആമിർ ഖാൻ ഈ ചിത്രത്തിലെത്തുന്നത്. ആമിറിനൊപ്പം ജെനീലിയ ഡിസൂസയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജൂൺ 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം, ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രവും 2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രവുമായി മാറിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

