രാജും സിമ്രനും ഇനി ലണ്ടനിലുണ്ട്; ഡിഡിഎൽജെയുടെ 30-ാം വാർഷികത്തിൽ ലെസ്റ്റർ സ്ക്വയറിൽ വെങ്കല പ്രതിമ

ബോളിവുഡിലെ എക്കാലത്തെയും വലിയ റൊമാന്റിക് ഹിറ്റായ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ (ഡിഡിഎൽജെ) പുറത്തിറങ്ങി 30 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷത്തിലാണ് ആരാധകരും സിനിമാലോകവും. ഈ വേളയിൽ, ചിത്രത്തിലെ നായക കഥാപാത്രങ്ങളായ രാജിന്റെയും സിമ്രന്റെയും വെങ്കല പ്രതിമ ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ അനാച്ഛാദനം ചെയ്തു.

ഇന്ത്യയ്ക്ക് പുറത്താണ് ഈ പ്രതിമ സ്ഥാപിച്ചത് എന്ന പ്രത്യേകതയുണ്ട്. 1995-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഷാരൂഖ് ഖാനും കജോളും ഒന്നിച്ച സിഗ്നേച്ചർ പോസിലാണ് പ്രതിമ ലെസ്റ്റർ സ്ക്വയറിൽ സ്ഥാപിച്ചത്. ലണ്ടനിലെ ‘സീൻസ് ഇൻ ദ സ്ക്വയർ’ ട്രെയിലിൽ പ്രതിമ സ്ഥാപിച്ച് ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഡിഡിഎൽജെ എന്ന അപൂർവ നേട്ടവും ഇതോടെ ചിത്രം സ്വന്തമാക്കി.

പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സന്തോഷം പങ്കുവെച്ചുകൊണ്ട് ഷാരൂഖ് സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘ബഡേ ബഡേ ദേശോം മേം, ഐസി ഛോട്ടി ഛോട്ടി ബാതേം ഹോതി രഹ്തി ഹേ, സെനോറിറ്റ!” എന്ന ഐക്കണിക് ഡയലോഗോടെയാണ് കുറിപ്പിന് തുടക്കം.

‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ 30 വർഷങ്ങൾ ആഘോഷിക്കുന്ന സമയത്ത് ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ രാജിന്‍റെയും സിമ്രാന്റെയും വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സീൻസ് ഇൻ ദ സ്‌ക്വയർ ട്രെയിലിൽ ഒരു പ്രതിമ സ്ഥാപിച്ച് ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഡി.ഡി.എൽ.ജെ എന്നതിൽ അവിശ്വസനീയമാംവിധം സന്തോഷമുണ്ട്.. ഇത് സാധ്യമാക്കിയതിന് യു.കെയിലെ എല്ലാവർക്കും ഒരു വലിയ നന്ദി. നിങ്ങൾ ലണ്ടനിലാണെങ്കിൽ രാജിനെയും സിമ്രാനെയും കാണാൻ വരൂ… ഡി.ഡി.എൽ.ജെയുമായി നിങ്ങൾ കൂടുതൽ ഓർമകൾ സൃഷ്ടിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ -ഷാരൂഖ് കുറിച്ചു.

ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ 1995 ഒക്ടോബർ 20-നാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഹിന്ദി സിനിമയുടെ മുഖച്ഛായ മാറ്റിമറിച്ച ഈ ചിത്രം പിന്നീട് വന്ന പ്രണയചിത്രങ്ങൾക്ക് മാതൃകയാവുകയും ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡും ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ പേരിലാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply