രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ അന്തർദേശിയ പതിപ്പ്​ ദുബായിൽ

കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സത്തിൽ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന ​ സൗജന്യ പാസുകൾ നിർത്തലാക്കുന്ന കാര്യം ​ പരിഗണിക്കുമെന്ന് ​ നിയുക്​ത സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. 15,000 പാസുകളിൽ 5,000 ത്തിലധികം കൈപ്പറ്റുന്നത്​ മന്ത്രിമാരുടെ ഓഫിസ് സ്റ്റാഫും പൊലീസ്​ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുമാണ്​. എന്നാൽ, ഇവർ എല്ലാവരും യഥാർഥ സിനിമ പ്രേമികളാണെന്ന്​ കരുതുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ തീരുമാനമെടുക്കുന്നതിൽ ചെയർമാൻ സ്ഥാനം ഭാരമായി തോന്നിയാൽ അത്​ അഴിച്ചുവെക്കാൻ മടിക്കില്ല. ചലച്ചിത്ര അക്കാദമിയുടെ കീഴിൽ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ അന്തർദേശിയ പതിപ്പ്​ ദുബായിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അക്കാദമി സെക്രട്ടിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും പദ്ധതി തയാറാക്കുകയും ചെയ്തിട്ടുണ്ട്​. മന്ത്രി തലത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ തിയറ്ററുകൾക്ക്​ ബി.ഐ.എസ്​ നിലവാരം ഏർപ്പെടുത്തും. സിനിമ നിർമാണത്തിന്​ ചലച്ചിത്ര അക്കാദമി ധനസഹായം നൽകുന്നത്​ സംബന്ധിച്ച്​ അടൂർ ഗോപാലകൃഷ്ണൻ പങ്കുവെച്ച അഭിപ്രായത്തോട്​ യോജിക്കുന്നു. അഞ്ചോ പത്തോ ദിവസത്തെ സിനിമ ശിൽപശാല കൊണ്ട്​ ഒരു സിനിമക്കാരനുണ്ടാകില്ലെന്നാണ്​ അദ്ദേഹത്തിന്‍റെ നിലപാട്​. അത്​ ശരിയാണെന്നാണ്​ വിശ്വസിക്കുന്നത്​. അത് കൊണ്ട് ചലച്ചിത്ര ശില്പശാലകൾ വേണ്ടെന്ന് അർത്ഥമില്ല. ഇത്തരം ശില്പശാലകളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും ചലച്ചിത്രകാരന്മാർ ആയില്ലെങ്കിലും നല്ല സിനിമാസ്വാദകരെ സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കും.

സിനിമ ഉൾപ്പെടെ സർഗാത്​മകമായ എല്ലാ മേഖലകളിലും നിർമിത ബുദ്ധി (എ.​ഐ) പിടിമുറുക്കിക്കഴിഞ്ഞുവെന്നും ഇത്​ വൻ വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതലമുറയുടെ മികച്ച സിനിമകളെ കുറിച്ചാണ്​ രാജ്യാന്തര ചലച്ചിത്ര പ്രവർത്തകർ ചർച്ച ചെയ്യുന്നത്​. നമ്മുടെ ചലച്ചിത്രോത്സവങ്ങളിൽ അന്തർദേശിയ പ്രതിനിധികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും റസൂൽ പൂക്കുട്ടി ആവശ്യപ്പെട്ടു.

കഴിവുള്ള അനേകം പ്രതിഭകളുടെ നാടാണ്​ നമ്മുടേത്​. അക്കാദമിയുടെ കൃത്യമായ ഇടപെടൽ ഉണ്ടായാൽ മലയാള സിനിമ ഇറാനിയൻ സിനിമ പോലെ ഉന്നത തലത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റ്​സ്​ ഫസ്റ്റ്​ ഗ്രൂപ്​ സി.ഇ.ഒ ജമാദ്​ ഉസ്മാനും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply