‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ ‘ കേരളപ്പിറവി ദിനത്തിൽ പ്രകാശനം ചെയ്യും

അയനം എന്ന വാക്കിൻ്റെ അർത്ഥം യാത്രയെന്നാണു . പ്രവാസം എന്ന വലിയ യാത്രയിലും പെണ്ണനുഭവങ്ങളുടെ വലിയ അടിത്തറയുണ്ട് . മലയാളിയുടെ പ്രവാസങ്ങളിൽ , ഗൾഫ് ഇടങ്ങളിൽ അതിനു രണ്ടാം സ്ഥാനമാണു ലഭിച്ചത് . യൂറോപ്പിലേക്കും അമേരിക്കയിലേക്കും കേരളീയരെ നയിച്ചതിൽ പക്ഷേ ഒന്നാം സ്ഥാനമാണു പലപ്പോഴും സ്ത്രീകൾ വഹിച്ചത് . ഇപ്പോൾ ഗൾഫ് പ്രവാസത്തിലും മികച്ച പ്രാതിനിധ്യമാണു സ്ത്രീകൾക്കുള്ളത് . അത് കൊണ്ട് തന്നെയാണു യു ഇ എ യിലെ സാംസ്ക്കാരിക സംഘടനയായ കാഫ് ( കൾച്ചറൽ ആർട്സ് ആൻഡ് ലിറ്റററി ഫോറം ) ആദ്യമായി പുറത്തിറക്കുന്ന പുസ്തകമായ ‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ ‘കൂടുതൽ ശ്രദ്ധേയമാകുന്നതും . എഴുത്തുകാരനും ഗൾഫ് മേഖലയിലെ സജീവ സാംസ്ക്കാരികപ്രവർത്തകനുമായ രമേഷ് പെരുമ്പിലാവ് എഡിറ്റ് ചെയ്തിരിക്കുന്ന പുസ്തകം ജനങ്ങളിലേക്കെത്തിക്കുന്നത് ഗുസ്ബെറി ബുക്സ് ആണു . സലിം റഹ്മാൻ്റെയാണു കവർ ചിത്രം . പ്രവാസം അനുഭവിച്ച 15 സ്ത്രീ എഴുത്തുകാരുടെ അനുഭവങ്ങളാണു പുസ്തകത്തിൻ്റെ ഉള്ളടക്കം

പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ എന്ന പുസ്തകത്തെക്കുറിച്ച് അണിയറ പ്രവർത്തകരുടെ വാക്കുകൾ ഇതാണു .

പ്രവാസം പുരുഷ പ്രധാനമായിരുന്നു എന്ന പഴയ ധാരണയെ നിശ്ശബ്ദമായി തിരിച്ചറിഞ്ഞുകൊണ്ട്, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സ്ത്രീകൾ അവരുടെ യാത്രകളും പ്രയാസങ്ങളും വിജയങ്ങളും തുറന്നുപറയുകയാണ്. ഈ എഴുത്തുകളിലൂടെ. ചിലപ്പോൾ വിജാതീയമായ ഇടങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾ മറ്റൊരവസരത്തിൽ, സ്വന്തം സ്വാതന്ത്ര്യത്തിനായി സങ്കീർണ്ണമായ ദിശകളിൽ നടത്തിയ അന്വേഷണങ്ങൾ. പെൺ പ്രവാസത്തിൻ്റെ വ്യത്യസ്തമായ പതിനഞ്ച് രേഖാച്ചിത്രങ്ങൾ അടയാളപ്പെടുത്തിയവർ,- ഷബിനി വാസുദേവ്, സബീന എം. സാലി, നിർമ്മല, ഷീല ടോമി, .സിതാര എസ്, സോണിയ റഫീക്ക്, ദിവ്യാ ജോസ്, അമ്മു വള്ളിക്കാട്ട്, ഫർസാന, ഡോണ മയൂര, അമൽ ഫെർമിസ്, റസീന ഹൈദർ, റസീന കെ പി, ഹുസ്ന റാഫി, സോണിയ ഷിനോയ്

മലയാളിയുടെ ദേശാന്തര ജീവിതത്തിലെ സാംസ്കാരിക ഇടപെടലുകൾ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണ്. പരസ്പരം മനസ്സിലാക്കാനും കലാസാഹിത്യ അഭിരുചികളെ വളർത്താനും സാംസ്കാരിക പ്രസ്ഥാനങ്ങൾ നൽകുന്ന കരുത്ത് ചെറുതല്ല. എന്നാൽ മാറിയ കാലത്തിനനുസരിച്ച് കലാസാംസ്കാരിക പ്രവർത്തനങ്ങൾ മാറ്റപ്പെടേണ്ടതുണ്ടെന്ന് കാഫ് കരുതുന്നു. അതിനാൽ അടിത്തട്ടിലെ മനുഷ്യരുടെ സാമൂഹിക ജീവിതത്തെ അറിയാതെ മുന്നോട്ടുപോകാൻ കഴിയില്ല. അത്തരം ശ്രമങ്ങളുടെ തുടർച്ചയാണ്, കൾച്ചറൽ ആർട്സ് ആൻഡ് ലിറ്റററി ഫോറത്തിൻ്റെ (CALF) ആദ്യ പുസ്തകമായ പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ.

പുസ്തകത്തിൻ്റെ ഉള്ളടക്കം പോലെ തന്നെ പ്രകാശനവും വ്യത്യസ്തമാകണമെന്ന് അണിയറ പ്രവർത്തകർക്ക് നിർബന്ധമുണ്ട് . യു എ ഇ യിൽ സെക്യൂരിറ്റി ജീവനക്കാരിയായി ജോലി നോക്കുന്ന മിനി കുട്ടപ്പനാണു പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിക്കുക . ഏറ്റു വാങ്ങുന്നത് യു എ ഇ യിലെ ഒരു സ്ഥാപനത്തിൽ കിച്ചൺ സ്റ്റാഫായി സേവനമനുഷ്ടിക്കുന്ന മോളി സിറിളാണു . 2025 നവംബർ 1 വൈകുന്നേരം 7 മണിക്ക് ദുബായ് അൽ ഖുസൈസ് റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരിയായ ഷെമിയാണു . കവിയും മാദ്ധ്യമപ്രവർത്തകനുമായ കുഴൂർ വിത്സൺ കടൽ കടന്ന അതിജീവനങ്ങൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും നടത്തും . ഡോ .ഹസീന ബീഗം പുസ്തകം പരിചയപ്പെടുത്തും .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply