‘നാനാത്വത്തിൽ ഏകത്വം’ എന്ന സങ്കൽപം നിലനിർത്തിപ്പോരുന്ന ഏകസംസ്ഥാനം കേരളമെന്ന് എം നൗഷാദ് എം എൽ എ

ഇന്ത്യയിൽ നിലവിൽ ‘നാനാത്വത്തിൽ ഏകത്വം’ എന്ന സങ്കൽപം നിലനിർത്തിപ്പോരുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ഇരവിപുരം എം.എൽ.എ എം. നൗഷാദ് അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ പ്രധാന സാംസ്‌കാരിക കൂട്ടായ്മ ആയ ‘ഓർമ’ സംഘടിപ്പിച്ച ‘ഓർമയിൽ ഒരോണം’ എന്ന ഓണാഘോഷ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ സാക്ഷരത, സമ്പൂർണ വിദ്യാഭ്യാസം, മികച്ച ആരോഗ്യരക്ഷ തുടങ്ങിയ നേട്ടങ്ങളുടെ തുടർച്ചയായി അതി ദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പദവിയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളുടെ അഭയകേന്ദ്രമായി കേരളം നിലനിർത്തുന്നത് ഭരണഘടനാ മൂല്യങ്ങളിൽ ആധാരമാക്കി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന ഇടതു സർക്കാരിന്റെ മുന്നേറ്റ നിലപാടുകളാണെന്നും നൗഷാദ് ചൂണ്ടിക്കാട്ടി.

രാവിലെ 10 മണിക്ക് പൂക്കളമൊരുക്കിയതോടെയാണ് ഓണാഘോഷം ആരംഭിച്ചത്. ‘ഓർമ’യുടെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് നിറം ചേർത്തു. സംഘടനയുടെ 100 അംഗങ്ങൾ പങ്കെടുത്ത പുതിയ വാദ്യമേള സംഘത്തിന്റെ അരങ്ങേറ്റവും ഈ അവസരത്തിൽ നടന്നു. ഏകദേശം 7000 പേർക്ക് സദ്യ ഒരുക്കിയിരുന്നു. വൈകിട്ട് 5 മണിയോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. അൽ മർസൂക്കി ഗ്രൂപ്പിന്റെ ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂക്കി മുഖ്യാതിഥിയായിരുന്നു. നോർക ഡയറക്ടർ ഓ.വി. മുസ്തഫ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഓണാഘോഷം കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കേരളോത്സവം 2025-ന്റെ ലോഗോ പ്രകാശനം എം.എൽ.എ എം. നൗഷാദ് നിർവഹിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതം പറഞ്ഞു സെ ക്രട്ടറി കാവ്യ സനത് നന്ദി രേഖപ്പെടുത്തിയതിനെ തുടർന്ന് സാംസ്‌കാരിക പരിപാടികളോടെ വൈകിട്ട് 7 മണിയോടെ ആഘോഷങ്ങൾ സമാപിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply